Kerala
കൊച്ചി: കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെത്തി കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ലാമയെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശേരി സ്റ്റേഷനിലെ എസ്എച്ച്ഒയാണ് റിപ്പോര്‍ട്ട് നല്‍കുക. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമ നല്കിയ ഹര്‍ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചണ് പരിഗണിക്കുന്നത്.
ലാമ നെടുമ്പാശേരിയില്‍ വന്നിറങ്ങിയതു മുതല്‍ എല്ലാ ഏജന്‍സികളുടെയും നടപടിക്രമങ്ങളില്‍ തെറ്റുപറ്റിയതായി ഹർജിക്കാരന് ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വിളപ്പില്‍ശാല ഗവ. ആശുപത്രിയിൽ വിളപ്പില്‍ കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയ മന്‍സിലില്‍ ബിസ്മീര്‍ (37) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസത്തിന് കാരണമായെന്നും ശരീരം നീല നിറമായത് ഓക്സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും റിപ്പോർട്ടിലുണ്ട്.
ബിസ്മീര്‍ മരിച്ചത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ചികിത്സാപ്പിഴവുണ്ടായെന്നും ചികിത്സ വൈകിയെന്നുമുള്ള ആരോപണം മെഡിക്കൽ ഓഫീസർ നിഷേധിച്ചിരുന്നു.
19 -ാം തീയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
ശ്വാസംമുട്ടലും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ബിസ്മീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ബെല്ലടിച്ചപ്പോഴാണ് ജീവനക്കാര്‍ എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ബിസ്മീറിന്റെ ഭാര്യ ജാസ്മിന് ബഹളം വച്ചപ്പോഴാണ് ജീവനക്കാര്‍ പുറത്തേക്ക് വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Kerala
ബംഗുളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്നാണ് റിപ്പോർട്ടിലുള്ളത്.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സി.ജെ. ബാബു പോലീസില്‍ പരാതി നല്കി. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗുളൂരു അശോക് നഗറിലെ ലാംഗ്ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്.
മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം അമിത രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രജീഷിന്റെ ഭാര്യ ധന്യ(41) യാണ് മരിച്ചത്.
ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് പോലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡ് തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം എന്ന് എസ്എച്ച്ഒ സി. ശ്രീജിത്ത് അറിയിച്ചു.
ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടപടികൾ എല്ലാം പൂർത്തീകരിച്ചിരുന്നോ, ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ തുടങ്ങിയ വിഷയങ്ങളിൽ ആണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തുക.
നിലവിൽ ധന്യയുടെ ചികിത്സാ റെക്കോർഡുകൾ, ഓപ്പറേഷൻ റെക്കോർഡ് എന്നിവ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് മെഡിക്കൽ ബോർഡിന് കൈമാറിയതായി എസ്എച്ച്ഒ അറിയിച്ചു.
താക്കോൽദ്വാര ശസ്ത്രക്രിയയാണ് ധന്യയ്ക്ക് നിശ്ചയിച്ചിരുന്നത്. ഇത് ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണ് ധന്യ മരിച്ചത്.
Kerala
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രാംനാരായണന്റെ തലയ്ക്ക് ഉൾപ്പടെ ദേഹമാസകലം മർദനമേറ്റുവെന്നും അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റു. വാരിയെല്ല് ഒടിഞ്ഞു. മർദനത്തിന്റെ ആഘാതത്തിൽ മസിലുകൾ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകൾ പൊട്ടിയൊഴുകിയ ചോര ചർമത്തിൽ പടർന്നു പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികൾക്ക് പുറമെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മർദ്ദിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, വിപിൻ എന്നിവർ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണ്.
Kerala
പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്.
ആന്തരിക രക്തസ്രാവമാണ് മരണ കാരണം. നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ആന്തരിക അവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനായെത്തിയത്.
കാട്ടിനുള്ളിലെത്തിയ ഇവർ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.